important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Hiroshima Nagasaki



മാ നിഷാദാ.......
ജപ്പാനിലെ ഹിരോഷിമാ നാഗസാക്കി നഗരങ്ങള്‍ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ചുട്ടു ചാമ്പലാക്കിയിട്ട് 68 വര്‍ഷം തികയുകയാണ്. മനുഷ്യത്വത്തിനു മേല്‍ ക്രൂരതയുടെ അധിനിവേശം താണ്ഡവമാടിയ ആഗസ്റ്റ് 6. ഹിരോഷിമയിലും നാഗസാക്കിയലുമായി ഏകദേശം മൂന്നര ലക്ഷത്തോളം പേര്‍ കത്തിച്ചാമ്പലായതാണ് കണക്ക്. തലമുറകള്‍ കഴിഞ്ഞിട്ടും വികിരത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന ഹതഭാഗ്യര്‍ എത്രയെത്ര.
അമേരിക്കന്‍ നാവികസങ്കേതമായ പേള്‍ ഹാര്‍ബറും ബ്രിട്ടീഷ് യുദ്ധക്കപ്പലായ പ്രിന്‍സ് ഓഫ് വെയില്‍സും ജപ്പാന്‍ ബോംബിട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് അമേരിക്കയും ഇംഗ്ലണ്ടും ജപ്പാനെതിരായി യുദ്ധം പ്രഖ്യാപിച്ചു.

1941 ഡിസംബര്‍ ഏഴിനായിരുന്നു പേള്‍ ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചത്. പിറ്റേന്ന് അമേരിക്കയുടെ യുദ്ധ പ്രഖ്യാപനമുണ്ടായി. 1945 ജൂലൈ 26 ന് ട്രൂമാനും മറ്റ് സഖ്യനേതാക്കളും പോട്ട്‌സ് ഡാമില്‍ സമ്മേളിച്ച് ജപ്പാനോട് കീഴടങ്ങുവാന്‍ ആവശ്യപ്പെട്ടു. കീഴടങ്ങുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അമേരിക്ക ജപ്പാനെ ആക്രമിക്കുവാന്‍ തീരുമാനിച്ചു. യു കെ, കാനഡ എന്നി രാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്ക ആദ്യത്തെ ആറ്റംബോംബ് രൂപപ്പെടുത്തി. ഇത് മാന്‍ഹട്ടണ്‍ പ്രോജക്ട് എന്നറിയപ്പെടുന്നു. ഈ ഗവേഷണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് അമേരിക്കന്‍ ഊര്‍ജതന്ത്രജ്ഞനായ റോബര്‍ട്ട് ഓപ്പണ്‍ ഹീമര്‍ ആയിരുന്നു. ആറ്റംബോംബിന്റെ തത്വമായ ന്യൂക്ലിയര്‍ ഫിഷന്‍ കണ്ടുപിടിച്ചത് 'ഓട്ടോഹാന്‍' എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞനാണ്.
ഓട്ടോഹാന്‍
യുറേനിയം പോലുള്ള ഭാരം കൂടിയ മൂലകങ്ങളെ പിളര്‍ത്താന്‍ കഴിയുമെന്നും അപ്പോള്‍ ധാരാളം ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും ഹാന്‍ കണ്ടെത്തി. പ്രശസ്തനായ ഭൗതിക ശാസ്തജ്ഞനാണ് ഓട്ടോ ഹാൻ. 1879 മാർച്ച്‌ 8 ന് ജെർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ജനിച്ചു. മാർബർഗ്, മ്യുണിച്ച് എന്നിവിടങ്ങളിലായിരുന്നു ആദ്യകാല പഠനം. 1901-ൽ ഡോക്ടരറ്റ്‌ നേടിയശേഷം മാർബർഗിലെ കെമിക്കൽ ഇൻസ്റിറ്റ്യൂട്ടിൽ ജോലി നോക്കി. ഒന്നാം ലോകമഹായുദ്ധകാലത്ത്‌ രാസായുധ വിദഗ്ധനായി പ്രവർത്തിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്തിനുശേഷം റേഡിയോ ആക്ടിവതയുടെ സാധ്യതകളിലെക്കുള്ള പരീക്ഷണങ്ങളിലേക്ക് ഓട്ടോ ഹാൻ ഇറങ്ങിചെന്നു. 1938-ൽ യുറേനിയത്തിലേക്ക് ന്യുട്രോൻ തൊടുത്തുകൊണ്ട് ഓട്ടോ ഹാനും സ്ട്രാസ്മാനും നടത്തിയ പരീക്ഷണമാന് അണുകേന്ദ്ര വിഘടനം എന്ന പേരിൽ ശാസ്ത്രലോകത്താകമാനം ശ്രദ്ധനേടിയത്. രണ്ടാംലോകമഹായുദ്ധ കാലത്ത്‌ ഓട്ടോഹാൻ അടക്കമുള്ള ശാസ്തജ്ഞരെ ബന്ദികളാക്കി ഇംഗ്ലണ്ടിലേക്ക് കൊണ്ട് പോയി.പിന്നീട് അവിടെവച്ച് അണുബോംബ്‌ ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്തു. 1944 -ൽ ഇദ്ദേഹത്തിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. തന്റെ കണ്ടെത്തലിന്റെ സാധ്യത മനസ്സിലാക്കിയ ഹാന്‍ ഹിറ്റ്‌ലറോട് പറഞ്ഞു. 'ഇതാ ലണ്ടനെ രണ്ടു മണിക്കൂറിനകം തകര്‍ത്തു തരിപ്പണമാക്കാവുന്ന ശക്തി കരഗതമായിരിക്കുന്നു.' ഹിറ്റ്‌ലര്‍ ചോദിച്ചു. 'ആ ആയുധം നിര്‍മിക്കാന്‍ എത്രകാലം വേണ്ടിവരും' എന്ന്. ഒന്നോ രണ്ടോ കൊല്ലം വേണ്ടിവരുമെന്ന് പറഞ്ഞപ്പോള്‍ എങ്കിലത് ഉപേക്ഷിച്ചുകൊള്ളാന്‍ ഹിറ്റ്‌ലര്‍ മറുപടി പറഞ്ഞത്രേ.
ഹിറ്റ്ലര്‍
ഓട്ടോഹാന്റെ കണ്ടുപിടിത്തം മനസ്സിലാക്കിയ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ആണ് ഹിറ്റ്‌ലര്‍ ആറ്റംബോംബ് ഉണ്ടാക്കുന്നതിന് മുമ്പ് അത് ഉണ്ടാക്കണമെന്ന് ഭരണാധികാരികളെ അറിയിച്ചതും തുടര്‍ന്ന് അമേരിക്ക ആറ്റംബോംബുണ്ടാക്കിയതും. ചെറിയൊരു സമയത്തിനുള്ളില്‍ വലിയൊരു അളവില്‍ ഊര്‍ജം വിമുക്തമാക്കപ്പെടുന്ന പ്രക്രിയയാണ് ആറ്റംബോംബില്‍ നടക്കുന്നത്. ഇന്ധനമായി യുറേനിയം- 235 അല്ലെങ്കില്‍ പ്ലൂട്ടോണിയം-239 ഉപയോഗിക്കുന്നു. യുറേനിയത്തിന്റെ ഐസോടോപ്പായ യു-235 ഉപയോഗിച്ചാണ് 'ലിറ്റില്‍ബോയ്' എന്നറിയപ്പെടുന്ന ഹിരോഷിമ ബോംബ് ഉണ്ടാക്കിയത്. 1
ലിറ്റില്‍ ബോയ്
945 ജൂലൈ 16ന് ന്യൂമെക്‌സിക്കോയിലെ ട്രിനിറ്റി സൈറ്റിലായിരുന്നു ആറ്റംബോംബ് ആദ്യമായി പരീക്ഷിക്കപ്പെട്ടത്. പരീക്ഷണത്തിന് ഉപയോഗിച്ച ആറ്റംബോംബിന്റെ പേര് 'ഗാഡ്‌ജറ്റ്' എന്നായിരുന്നു. ന്യൂക്ലിയര്‍ ബോംബിംഗ് മിഷന്റെ ആദ്യ ലക്ഷ്യം ഹിരോഷിമ തന്നെയായിരുന്നു. 1945 മെയ് 10, 11 ദിവസങ്ങളില്‍ റോബര്‍ട്ട് ഓപ്പണ്‍ ഹീമറിന്റെ നേതൃത്വത്തില്‍ ഒരു ടാര്‍ഗിറ്റ് കമ്മിറ്റി രൂപീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ക്യോട്ടോ, ഹിരോഷിമ, യോക്കോഹോമ, കോക്കുറയിലെ ആയുധപ്പുര എന്നിവയായിരുന്നു ബോംബിടാനായി തെരഞ്ഞെടുത്ത സ്ഥലങ്ങള്‍. 1945 ഓഗസ്റ്റ് 6, സമയം 8 മണി കഴിഞ്ഞ് 15 മിനിട്ട് 17 സെക്കന്റ്. ഇതേ സമയം ആകാശത്ത് വട്ടമിട്ട് പറന്നിരുന്ന വിമാനത്തില്‍ നിന്ന് ഒരു കറുത്ത വസ്തു താഴേക്ക് വീണു. 'ലിറ്റില്‍ ബോയ് ' എന്ന് പേരുള്ള അണുബോംബായിരുന്നു അത്. 1870 അടി ഉയരത്തില്‍ വെച്ച് കാതടപ്പിക്കുന്ന ശബ്ദത്തോടെ അത് പൊട്ടി. ഏഴ് ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള ഹിരോഷിമയുടെ നാല് ചതുരശ്ര മൈല്‍ സ്ഥലത്തെ ജീവജാലങ്ങള്‍ തത്സമയം കത്തിച്ചാമ്പലായി. ഹിരോഷിമയിലെ തദ്ദേശവാസികള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് അമേരിക്ക ബോംബ് വര്‍ഷിച്ചത്. ഹിരോഷിമ ബോംബിംഗിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാന്‍ പറഞ്ഞത് ലോകത്തിലെ ഏറ്റവും മഹത്തായ സംഭവമെന്നാണ്.  നാല് വ്യവസ്ഥകളോടെ ജപ്പാന്‍ ചക്രവര്‍ത്തി ഹിരോഹിതോ കീഴടങ്ങാന്‍ സമ്മതിച്ചു. നാല് വ്യവസ്ഥകള്‍ ഇവയായിരുന്നു.1. ദേശീയ സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടണം. 2. ആസ്ഥാന കെട്ടിടങ്ങള്‍ സംരക്ഷിക്കപ്പെടണം. 3. നിരായുധീകരണം പ്രാവര്‍ത്തികമാക്കണം. 4. യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ജപ്പാന്‍ പട്ടാളക്കാരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണം. ഇവ അംഗീകരിക്കാനാവില്ല എന്നതിനാല്‍ അമേരിക്ക നാഗസാക്കിയില്‍ അണുബോംബിടാന്‍ തീരുമാനിച്ചു. തെക്കന്‍ ജപ്പാനിലെ ഒരു വലിയ തുറമുഖനഗരം ആയിരുന്നു നാഗസാക്കി. ജാപ്പനീസ് മാതൃകയില്‍ പഴയ ഫാഷനില്‍ ഡിസൈന്‍ ചെയ്ത കെട്ടിടങ്ങളായിരുന്നു നാഗസാക്കിയില്‍. 1945 ഓഗസ്റ്റ് 9. സമയം രാവിലെ 11.02, നാഗസാക്കി എന്ന മനോഹരനഗരത്തെ ലക്ഷ്യമാക്കി ബോക്‌സ്‌കാര്‍ എന്ന ബോംബര്‍ വിമാനം പറന്നുവന്നു. അതില്‍ നിന്ന് 'ഫാറ്റ്മാന്‍' എന്ന് പേരിട്ട അണുബോംബ് താഴേക്ക് വീണു.
ഫാറ്റ് മാന്‍
 പ്ലൂട്ടോണിയം - 239 കൊണ്ട് ഉണ്ടാക്കിയതായിരുന്നു ഫാറ്റ്മാന്‍. 470 മീറ്റര്‍ ഉയരത്തില്‍ വച്ച് അത് പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ അനേകായിരം ആളുകള്‍ വെന്തുമരിച്ചു. നാഗസാക്കിയില്‍ ബോംബിട്ട് ആറ് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 15 ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചെങ്കിലും കരാര്‍ ഒപ്പിട്ടത് സെപ്തംബര്‍ 2 നാണ്. ബോംബിംഗിന് ഇരയായ ആള്‍ക്കാര്‍ 'ഹിബാക്കുഷ' എന്നാണ് അറിയപ്പെടുന്നത്. സ്‌ഫോടനം ബാധിച്ച ജനങ്ങള്‍ എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ഹിരോഷിമ, നാഗസാക്കി സ്മാരകങ്ങളില്‍ മരിച്ച ഹിബാക്കുഷകളുടെ പേര് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓരോ വാര്‍ഷികം നടക്കുമ്പോഴും പേരുകളുടെ പട്ടിക പുതുക്കാറുണ്ട്.

മാനിഷാദ!

രണ്ടാം ലോകമഹാ യുദ്ധത്തിനൊടുവില്‍ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റം ബോംബ് വര്‍ഷിച്ചത് ലോക മനസാക്ഷിയെ ഞെട്ടിച്ചു. അനേകം ഹിബാക്കുഷകളും സഡാക്കോ സസക്കികളും ഇനിയും സൃഷ്ടിക്കപ്പെടാതിരിക്കട്ടെ. ആയിരം കൊക്കുകളെ നിര്‍മ്മിച്ച് മരണത്തെ ‍ തോല്‍പ്പിക്കാന്‍ വെമ്പിയ സഡാക്കോയെ ഓര്‍മ്മയില്ലേ ? രണ്ടു വയസ്സു മാത്രം പ്രായമുള്ളപ്പോഴാണ് അവളുടെ വീട്ടില്‍ നിന്നും ഏതാനും നാഴിക അകലെ അണു സ്ഫോടനത്തിന്റെ മാരക വികിരണങ്ങള്‍ പെയ്തിറങ്ങിയത്. പിന്നീട് 12 വയസ്സില്‍ കൂട്ടുകാരോടൊപ്പം ഓട്ട മത്സരത്തില്‍ പങ്കെടുത്ത സഡാക്കോയ്ക്ക് മത്സരം മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. രക്താര്‍ബുദത്തിന്റെ മാരക വേരുകള്‍ അവളുടെ സിരകളെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയായിരുന്നു. പിന്നീട് ആശുപത്രിക്കിടക്കയില്‍ മരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കൂട്ടുകാരിയുടെ ഉപദേശപ്രകാരം വെളുത്ത കൊക്കുകളെ ഉണ്ടാക്കിക്കൊണ്ടിരുന്നു. 645 കൊക്കുകള്‍ ആയപ്പോഴേക്കും സഡാക്കോ സസക്കി മരണത്തിന് കീഴടങ്ങി. കയ്യില്‍ സമാധനത്തിന്റെ പ്രാവുമായി നില്‍ക്കുന്ന സഡാക്കോയുടെ സ്മാരകം ജപ്പാനില്‍ ഉണ്ട്.
 സഡാക്കോ സസക്കി സ്മാരകം
ഇനിയൊരു യുദ്ധം നമുക്കിനി വേണ്ട. ചെര്‍ണ്ണോബിലേയും മറ്റും ആണവ ദുരന്തങ്ങള്‍ അതാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. സമാധാനത്തിന്റെയും സാഹോദര്യത്തിന്റേയും വെളുത്ത പൂക്കള്‍ വിരിയട്ടെ. രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌. യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌.
യു എന്‍ പതാക
യു. എൻ. ഭരണഘടന അംഗീകരിക്കുന്ന, ലോകസമാധാനത്തിൽ താല്പര്യമുള്ള ഏതു രാജ്യത്തിനും അംഗമാകാം. ഐക്യരാഷ്ട്രസഭയെ ആറ്‌ ഘടകങ്ങളായി തിരിച്ചിട്ടുണ്ട്‌. അവ താഴെപ്പറയും പ്രകാരമാണ്‌.
  • പൊതുസഭ
  • സുരക്ഷാസമിതി
  • സാമ്പത്തിക-സാമൂഹിക സമിതി
  • ട്രസ്റ്റീഷിപ്‌ കൌൺസിൽ
  • സെക്രട്ടേറിയറ്റ്‌
  • രാജ്യാന്തര നീതിന്യായ കോടതി
ഹിരോഷിമാ നാഗസാക്കി ദിനാചരണവുമായി ബന്ധപ്പെട്ട്  നമ്മുടെ കൂട്ടുകാര്‍ക്കായി ക്ലാസ്സ് മുറികളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാവുന്നതാണ്. സമാധാന റാലി, സമാധാന സന്ദേശ പോസ്റ്റര്‍ രചനാ മത്സരം, ഹിരോഷിമാ ദിന ക്വിസ്സ് മത്സരം തുടങ്ങിയവ ........
ഹിരോഷിമാ ബോംബിങ് ചിത്രങ്ങളിലൂടെ
ഹിരോഷിമ ബോംബിങിനു ശേഷം





ഹിരോഷിമ ഇന്ന്

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers