important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Snehapoorvam

ജീവിതം വഴിമുട്ടുന്ന നമ്മുടെ കുട്ടികള്‍ക്ക് ഏറെ ആശ്വാസകരമായ സ്നേഹപൂര്‍വ്വം പദ്ധതിയെപറ്റി ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിരുന്നുവല്ലോ. പ്രതിമാസം കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയാണ് ഇത്. ഈ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ച് ഉത്തരവായി. മാതാവ് അല്ലെങ്കില്‍ പിതാവ് അല്ലെങ്കില്‍ രണ്ടുപേരും മരണമടഞ്ഞ കുട്ടികള്‍ക്കുള്ള ധനസഹായപദ്ധതിയായതിനാല്‍ മറ്റു സ്‌കോളര്‍ഷിപ്പോ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ലഭിക്കുന്നവരെയും മറ്റു നിബന്ധനകള്‍ക്കു വിധേയമായി ഇതില്‍ പരിഗണിക്കും. അപേക്ഷ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവികള്‍ മുഖേന ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.
പദ്ധതി പ്രകാരമുള്ള ധനസഹായം ബാങ്ക് മുഖേന നല്‍കുന്നതിനാല്‍ വിദ്യാര്‍ത്ഥിയുടെയും രക്ഷകര്‍ത്താവിന്റെയും പേരില്‍ കോര്‍ബാങ്കിംഗ് സംവിധാനമുള്ള ഏതെങ്കിലും ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് (കുട്ടിയും രക്ഷകര്‍ത്താവും ഒരുമിച്ച് തുക പിന്‍വലിക്കാവുന്ന രീതിയില്‍ മാത്രം) ആരംഭിക്കണം. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി തന്റെ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹരായവരെ കണ്ടെത്തി അവരുടെ അപേക്ഷകള്‍ നിശ്ചിത ഫോര്‍മാറ്റില്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്റെ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകരായ വിദ്യാര്‍ത്ഥികള്‍ പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം ധനസഹായത്തിന് അര്‍ഹരാണെന്ന് ബന്ധപ്പെട്ട സ്ഥാപനമേധാവി ഉറപ്പു വരുത്തണം. ഇതിന് ആവശ്യമുള്ള രേഖകള്‍ അപേക്ഷകരായ വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച് സ്ഥാപന മേധാവി ഓഫീസില്‍ സൂക്ഷിക്കണം.
എന്തൊക്കെ രേഖകളാണ് സ്ഥാപന മേധാവി സൂക്ഷിക്കേണ്ടത് എന്നു നോക്കാം
  • വെള്ളക്കടലാസിലുള്ള അപേക്ഷ, 
  • വിദ്യാര്‍ത്ഥിയുടെ അമ്മ/അച്ഛന്‍ അല്ലെങ്കില്‍ അച്ഛനമ്മമാര്‍ മരണമടഞ്ഞതിന്റെ നിയമാനുസൃതമായ മരണ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് 
  • ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്നവര്‍ വിദ്യാര്‍ത്ഥിയുടെ പേര് ഉള്‍പ്പെടുന്ന ബി.പി.എല്‍. റേഷന്‍ കാര്‍ഡിന്റെ പ്രസക്ത ഭാഗങ്ങള്‍ അടങ്ങിയ പേജുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് 
  • അല്ലെങ്കില്‍ കുട്ടിയെ സംരക്ഷിക്കുന്ന കുടുംബം ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്ന് കാണിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
  •  അല്ലെങ്കില്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം പദ്ധതി മാനദണ്ഡ പ്രകാരമുള്ള വരുമാന പരിധിയിലുള്ളതാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,
  •  വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താവിന്റെയും പേരില്‍ കോര്‍ബാങ്കിംഗ് സംവിധാനമുള്ള ഏതെങ്കിലും ഷെഡ്യൂള്‍ഡ്/ദേശസാല്‍കൃത ബാങ്കില്‍ ജോയിന്റ് അക്കൗണ്ടും (കുട്ടിക്കും രക്ഷകര്‍ത്താവിനും മാത്രം ഒരുമിച്ചു തുക പിന്‍വലിക്കാവുന്ന രീതിയില്‍) ആരംഭിച്ച പാസ്ബുക്കിന്റെ ഒന്നാം പേജിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,
  •  വിദ്യാര്‍ത്ഥിയുടെ ആധാര്‍ കാര്‍ഡിന്റെ/ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനു വേണ്ടി രജിസ്റ്റര്‍ ചെയ്ത രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, 
  • മുന്‍വര്‍ഷങ്ങളില്‍ സ്‌നേഹപൂര്‍വ്വം പദ്ധതിയുടെ ധനസഹായം ലഭിച്ചവരും ഈ രേഖകള്‍ സഹിതം വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ മുഖേന വീണ്ടും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. 
വിദ്യാഭ്യാസ സ്ഥാപന മേധാവിക്ക് ആവശ്യമെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ താല്‍പ്പര്യമുള്ള അതേ സ്ഥാപനത്തിലെ മറ്റൊരദ്ധ്യാപകനെ ഈ പദ്ധതിയുടെ ചുമതലകള്‍ക്ക് നിയോഗിക്കാം. വിദ്യാര്‍ത്ഥി വെള്ളക്കടലാസില്‍ എഴുതി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം നല്‍കുന്ന രേഖകള്‍ ആവശ്യമെങ്കില്‍ പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതാണ്. ഓരോ അപേക്ഷയും അപ്‌ലോഡ് ചെയ്തശേഷം അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഈ രേഖകളോടൊപ്പം ചേര്‍ത്ത് സ്ഥാപനത്തിന്റെ ഓഫീസില്‍ സൂക്ഷിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട് സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് അയക്കേണ്ടതില്ല. ഓണ്‍ലൈനായി സാമൂഹ്യസുരക്ഷാ മിഷനില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് ധനസഹായം പാസാക്കുകയും അനുവദനീയമായ തുക കുട്ടിയുടെയും രക്ഷകര്‍ത്താവിന്റെയും പേരില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടില്‍ ആര്‍.ടി.ജി.എസ്. മുഖേന മാറ്റി നിക്ഷേപിക്കുന്നതുമാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും അപേക്ഷകള്‍ കഴിവതും ഒരുമിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കുവാന്‍ സ്ഥാപനമേധാവികള്‍ ശ്രദ്ധിക്കണം. ഇപ്രകാരം അപ്‌ലോഡ് ചെയ്യുന്ന കുട്ടികളുടെ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ലിസ്റ്റ് സ്ഥാപന മേധാവി ഒപ്പിട്ട് സ്ഥാപന മുദ്രയോട് കൂടി കേരള സാമൂഹ്യ സുരക്ഷാ മിഷനിലേയ്ക്ക് അയക്കേണ്ടതാണ്. ധനസഹായത്തിന് അര്‍ഹരായ കുട്ടികള്‍ ഓരോരുത്തര്‍ക്കും ഒരു പ്രത്യേക നമ്പര്‍ (യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) അനുവദിക്കുന്നതും ഈ നമ്പര്‍ ഉള്‍പ്പെടെ തുക പാസാക്കിയ വിവരം വിദ്യാഭ്യാസ സ്ഥാപന മേധാവിയെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ അറിയിക്കുന്നതുമാണ്. ഈ പ്രത്യേക നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരം സ്ഥാപന മേധാവി വിദ്യാര്‍ത്ഥികളെ യഥാസമയം അറിയിക്കണം. ഭാവിയില്‍ ഈ പദ്ധതിയുമായി ബന്ധപ്പെടേണ്ട എന്തെങ്കിലും ആവശ്യം വരുന്ന പക്ഷം ഈ പ്രത്യേക നമ്പര്‍ റഫറന്‍സ് നമ്പരായി നിശ്ചയമായും കാണിക്കണം. ഒരു അദ്ധ്യയന വര്‍ഷത്തില്‍ പരമാവധി പത്ത് മാസത്തെ ധനസഹായമാണ് അനുവദിക്കുന്നത്. എല്ലാ വര്‍ഷവും ഒക്ടോബര്‍ 31 -നകം അപേക്ഷകള്‍ ഓണ്‍ലൈനായി സാമൂഹ്യ സുരക്ഷാ മിഷനില്‍ ലഭിച്ചിരിക്കണം. സാമൂഹ്യ സുരക്ഷാ മിഷന്‍ ഗഡുക്കളായോ ഒരുമിച്ചോ ഒരദ്ധ്യായന വര്‍ഷത്തേയ്ക്ക് അനുവദനീയമായ തുക പാസാക്കി നല്‍കും. മാനദണ്ഡങ്ങള്‍ പുതുക്കിയ ഈ ഉത്തരവിന്റെ പകര്‍പ്പ് എല്ലാ സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെയും വിദ്യാഭ്യാസ സ്ഥപാനങ്ങളില്‍ ലഭ്യമാക്കേണ്ടതും ഇതുമായി ബന്ധപ്പെട്ട ഓരോ വകുപ്പു മേധാവിയും ഇക്കാര്യത്തില്‍ ഉചിതമായ നിര്‍ദ്ദേശങ്ങള്‍ കീഴാഫീസുകളിലേയ്ക്കും അവരുടെ കീഴിലുള്ള ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നല്‍കേണ്ടതാണെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
AMOUNT OF ASSISTANCE
  • Children below 5 years and class I to V @ Rs.300/pm
  • For class VI to class X @ Rs 500/pm
  • For class XI and class XII @ Rs 750/pm
  • During this year the Government has issued orders to extend the scheme to the beneficiaries who are studying for Degree/professional courses. The rate of assistance per month is Rs. 1000/-.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers